ഞങ്ങള്‍ വിശ്വസിക്കുന്നത്

അടിസ്ഥാന വിശ്വാസ പ്രമാണങ്ങൾ.

1. ദൈവവചനം.

വേദപുസ്തകം ദൈവശ്വാസീയവും പരിശുദ്ധാത്മ നിയോഗത്താൽ എഴുതപ്പെട്ടതുമാണ്. 2 പത്രൊസ് 1:21; 2 തിമൊഥെയൊസ് 3:16,17; യോഹന്നാൻ 5:39; എബ്രായർ 4:12; യെശയ്യാവു 40:8; മത്തായി 5:18; 24:35; അപ്പൊ.പ്രവൃത്തികൾ 17:11; 1 പത്രൊസ് 2:1 – 3; വെളിപ്പാട് 1:3.

2. ത്രീയേക ദൈവം.

ത്രിത്ത്വത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തിത്വങ്ങൾ അടങ്ങിയിരിക്കുന്നു. ഉൽപ്പത്തി 1:26; 3:22; 11;7; മത്തയി 3:16,17; യോഹന്നാൻ 14:16; 2 കൊരിന്ത്യർ 13:14

3. പിതാവായ ദൈവം.

പിതാവായ ദൈവം സൃഷ്ടികർത്താവും പരിപാലകനും സർവ്വ സൃഷ്ടിയുടെയും അധിപതിയുമാണ്. താൻ കൃപയും കരുണയും ഉള്ളവനും വിശ്വസ്ഥതയും സ്നേഹവും കാക്കുന്നവനുമാണ്. ആവർത്തനം 32:6; യെശയ്യാവു 63:16; 64:8; മാലഖി 2:10; യോഹന്നാൻ 3:16; 20:17; റോമർ 2;4; മത്തായി 26;64; 1 യോഹന്നാൻ 3:1,4,8

4. പുത്രനായ ദൈവം.

പുത്രനായ നിത്യദൈവം ക്രിസ്തുവിൽ അവതാരമെടുത്തു അവനിൽക്കൂടെ സർവ്വവും സൃഷ്ടിക്കപ്പെട്ടിരിക്കയും ദൈവ സ്വഭാവം വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവൻ മാനവ രക്ഷക്കായി പ്രവർത്തിക്കയും ന്യായവിധി നടത്തുകയും ചെയ്യുന്നു. ക്രിസ്തുവെന്ന യേശു യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനുമാണ്. പരിശുദ്ധാത്മാവിനാൽ കന്യാമറിയമിൽക്കൂടെ അവൻ ജാതനായി. വാഗ്ദത്ത മശിഹായായ താൻ കഷ്ടമനുഭവിച്ച്, നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ മരിച്ച്, ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്ത് സ്വർഗ്ഗീയ വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുന്നു. അവനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കും. തന്‍റെ ജനത്തെ വീണ്ടെടുപ്പാൻ തേജസിലവൻ വീണ്ടും വരും. റോമർ 6:23; 1 കൊരിന്ത്യർ 15:3,4 എഫെസ്യർ 3:19 – 21; തീത്തൊസ് 2;13; മത്തായി 1:21; യോഹന്നാൻ 14:6; അപ്പൊ.പ്രവൃത്തികൾ 4:12; 16:30,31; 1 യോഹന്നാൻ 5:5,12,13.

5. പരിശുദ്ധാത്മാവായ ദൈവം.

നിത്യാത്മാവായ ദൈവം പിതാവും പുത്രനുമൊത്ത് സൃഷ്ടിപ്പിലും മനുഷ്യാവതാരത്തിലും വീണ്ടെടുപ്പിലും പങ്കാളിയായിരുന്നു. തിരുവചന എഴുത്തുകാരെ പ്രചോദിപ്പിക്കുകയും മനുഷ്യരിൽ പാപബോധം വരുത്തി ക്രിസ്തുവിങ്കലെക്കു അടുപ്പിക്കുകയും ദൈവസ്വരൂപത്തിലവരെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. പിതാവും പുത്രനും കൂടെ അയച്ചതിനാൽ അവൻ ദൈവ മക്കളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കും. ആത്മീക ദാനങ്ങൾ സഭയ്ക്കു നൽകി അവനെ അവർ സാക്ഷീകരണത്തിനു സഹായിക്കുകയും സകല സത്യത്തിലും വഴി നടത്തുകയും ചെയ്യുന്നു. യോഹന്നാൻ 14:16,17,26; 2 കൊരിന്ത്യർ 3:17,18; അപ്പൊ.പ്രവൃത്തികൾ 1:8.

6. സൃഷ്ടിപ്പ്.

സകല സൃഷ്ടിയും ദൈവത്താൽ ഉളവായി. ആറുദിവസംകൊണ്ട് ആകാശവും ഭൂമിയും സകല ചരാചരങ്ങളും സൃഷ്ടിച്ച ദൈവം തന്‍റെ സൃഷ്ടിയുടെ സ്മാരകമായി വിശുദ്ധ ശബ്ബത്ത് സ്ഥാപിച്ചു. സൃഷ്ടിയുടെ മകുടവും ദൈവ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരുമായ പുരുഷനും സ്ത്രീക്കും സർവ്വത്തെയും അടക്കി വാഴുവാനുള്ള അവകാശവും കൊടുത്തു. ഉൽപ്പത്തി 1:1; 2:3; എബ്രായർ 1:2,3; സങ്കീർത്തനങ്ങൾ 33:6,9.

7. മനുഷ്യപ്രകൃതി.

ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തോടും വ്യക്തിത്വത്തോടുംകൂടെ ദൈവ സ്വരൂപത്തിൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. എന്നാൽ ആദിമ മാതാപിതാക്കൾ ദൈവ കൽപ്പന ലംഘിക്കുകയും പാപികളായിത്തീരുകയും ചെയ്തു. ഉൽപ്പത്തി 1:26,27; 2;16,17; റോമർ 3;23; ഗലാത്യർ 2;20.

8. വൻ പോരാട്ടം.

ദൈവ സ്വഭാവം ദൈവ കൽപ്പന, ദൈവത്തിനു ഭൂമിയിലുള്ള അധികാരം എന്നിവയെ സംബന്ധിച്ചു ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടത്തിൽ മാനവരാശി മുഴുവനും പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്‍റെ സ്വാതന്ത്ര്യത്തോടുകൂടെ സൃഷ്ടിക്കപ്പെട്ടിരുന്ന ഒരുവൻ അഹങ്കാരം പൂണ്ട് ദൈവത്തോട് മത്സരിച്ച് സാത്താനായി തീർന്നപ്പോൾ ഈ പോരാട്ടം സ്വർഗ്ഗത്തിൽ ആരംഭിച്ചു. ദൂതഗണത്തിൽ ഒരു ഭാഗം മത്സരത്തിൽ പങ്കുകൊണ്ടു അവന്‍റെ പക്ഷത്തു ചേരുകയും തുടർന്ന് ആദാമും ഹൗവ്വയും തന്‍റെ പക്ഷത്തായതോടുകൂടെ പോരാട്ട രംഗം ഭൂമിയിലേക്കു മാറ്റപ്പെടുകയും ചെയ്തു. പോരാട്ടത്തിൽ ഈ ഭൂമി സകല ലോകങ്ങളുടെയും നടന വേദിയായിരിക്കുന്നു. അന്തിമ വിജയം ദൈവത്തിന്‍റെതായിരിക്കും. ദൈവ പക്ഷത്തു വരുന്നവരെ സഹായിക്കുന്നതിന് ക്രിസ്തു പരിശുദ്ധാത്മാമാവിനെയും വിശുദ്ധ ദൂതന്മാരെയും അയയ്ക്കുന്നു. യെഹെസ്കേൽ 28:14 – 17; യെശയ്യാവു 14: 12 – 14; വെളിപ്പാടു 12: 7 – 12; എഫെസ്യർ 6:10 – 18; റോമർ 8:37 – 39.

9. ക്രിസ്തുവിന്റെ ജീവിതം മരണം ഉയിർപ്പ്.

ദൈവേഷ്ടം അനുസരിച്ചുകൊണ്ടുള്ള ക്രിതുവിന്‍റെ പരിപൂർണ്ണജീവിതം, തന്‍റെ കഷ്ടപ്പാട്, മരണം ഉയിർപ്പ് എന്നിവയിൽ കൂടെ മാത്രമേ പാപത്തിനുള്ള പരിഹാരം ഉണ്ടാകുന്നുള്ളൂ. ഇതു വിശ്വാസത്താൽ സ്വീകരിക്കുന്നവർക്കു നിത്യ ജീവനിലേക്കുള്ള പാത തുറന്നു കിട്ടുന്നു. കൃപയും കരുണയും ഒത്തുചേരുന്ന ദൈവസ്വഭാവത്തെയും ദൈവകൽപ്പനകളാകുന്ന നീതിയുടെ മാനമാനദണ്‌ഡത്തേയുമിത് ഉറപ്പാക്കുന്നു. നമ്മുടെ പാപത്തെ അത് കുറ്റം വിധിക്കുകയും പാപക്ഷമയ്ക്കുള്ള വഴി ഒരുക്കുകയും ചെയ്യുന്നു. ദുഷ്ടത്മ സേനയുടെ മേലുള്ള വിജയവും പാപത്തിന്മേലും മരണത്തിന്മേലുള്ള ജയവും ക്രിസ്തുവിന്‍റെ ഉയിർപ്പിൽക്കൂടെ അർദ്ധമാക്കുന്നു. റോമർ 5:8 – 10,18; തീത്തൊസ് 2:14; റോമർ 4: 22 – 25; ഗലാത്യർ 6:14.

10. രക്ഷയുടെ അനുഭവം.

രക്ഷ യേശുവിലുള്ള വിശ്വാസത്തിൽക്കൂടി മാത്രം. രക്ഷ ദൈവത്തിന്‍റെ ദാനമാണ്. വിശ്വാസം, പാപക്ഷമ, അനുതാപം, മാനസാന്തരം, അനുസരണം ഇവ രക്ഷയ്ക്കാവശ്യമാണ്. അപ്പൊ.പ്രവൃത്തികൾ4:12; യോഹന്നാൻ 3:12; റോമർ 10:17; 1 യോഹന്നാൻ 1:9; യിരെമ്യാവു 31:4; സങ്കീർത്തനങ്ങൾ 97:10; ലൂക്കോസ് 15:7,10; 1 ശമുവേൽ 15;22; യോഹന്നാൻ 14:15,24; എഫെസ്യർ 2:8; എബ്രായർ 2:4.

11. സഭ.

യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി ഏറ്റുപറയുന്ന വിശ്വാസികളുടെ കൂട്ടമാണ്‌ സഭ. വചനം
ജഡമായി തീർന്ന ക്രിസ്തുവിലും തിരുവച്ചനത്തിൽ നിന്നും സഭ അധികാരം പ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയുടെ തല ക്രിസ്തുതന്നെയാണ്. സകല കാലങ്ങളിലും ജീവിച്ചിരുന്ന വിശുദ്ധരടങ്ങുന്ന സഭയെ തന്‍റെ വീണ്ടും വരവിൻ നാളിൽ കറ, ചുളുക്കം മുതലായതൊന്നുമില്ലാതെ ശുദ്ധിയും നിഷ്കളങ്കയുമായി തനിക്കുവേണ്ടി തന്നെ തന്നെ പ്രതിഷ്ഠിക്കേണ്ടതിന്നു തന്നെത്താൻ അവൾക്കുവേണ്ടി താൻ രക്തം ചിന്തി. എഫെസ്യർ 1:22.23; അപ്പൊ.പ്രവൃത്തികൾ 2: 42 – 47; എഫെസ്യർ 5: 25-27,30; മത്തായി 28:18,19.

12. ശേഷിപ്പ് സഭയും അതിന്‍റെ ദൌത്യവും.

വ്യാപകമായ വിശ്വാസത്യാഗം നടമാടുന്ന ഈ അന്ത്യകാലത്തു ദൈവകൽപ്പനയും യേശുവിന്‍റെ വിശ്വാസവും കാത്തുകൊള്ളുന്ന ഒരു ശേഷിപ്പിനെ വിളിച്ചു ചേർത്തിരിക്കുന്നു. ഈ ശേഷിപ്പുസഭ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നതിനെക്കുറിച്ചും യേശുവിൽക്കൂടെ മാത്രമുള്ള രക്ഷയെക്കുറിച്ചും വീണ്ടും വരവ് അടുത്തു വരുന്നതിനെപ്പറ്റിയും ലോകത്തോടു ഘോഷിക്കുന്നു. വെളിപ്പാട് പതിനാലാം അധ്യായത്തിൽ കാണുന്ന മൂന്നു ദൂതന്മാരുടെ സന്ദേശം ഈ ശേഷിപ്പ് പ്രഖ്യാപിക്കുന്നു. മത്തായി 24:14; വെളിപ്പാട് 12:17; വെളിപ്പാട് 14: 6 -12;

13. ക്രിസ്തുവിന്‍റെ ശരീരത്തിലെ ഐക്യത.

സകല ജാതിയും, ഭാഷയും, ഗോത്രവും, വംശവും ആയ ജനങ്ങളടങ്ങുന്ന സഭ, വിവിധ അവയവങ്ങളുള്ള ശരീരത്തോട് ഉപമിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ നാമെല്ലാവരും പുതുസൃഷ്ടികളായിത്തീർന്നിരിക്കുന്നു. വംശം, സംസ്കാരം, വിദ്യാഭ്യാസം, രാഷ്ട്രത്വം, വലിപ്പച്ചെറുപ്പം, ധനവാനും, ദരിദ്രനും, സ്ത്രീയും, പുരുഷനും എന്നുള്ള വ്യത്യാസങ്ങളൊന്നും സഭയെ ഭിന്നിപ്പിക്കുവാൻ പാടില്ല. ഒരേ ആത്മാവിനാൽ നമ്മെ എല്ലാവരെയും തമ്മിൽ തമ്മിലും ക്രിസ്തുവിനോടും ഏക കൂട്ടായ്മക്കായി യോജിപ്പിച്ചിരിക്കുന്നതിനാൽ ക്രിസ്തുവിൽ നാമെല്ലാവരും തുല്യരാണ്. വ്യത്യാസങ്ങളൊന്നും കൂടാതെ നാം ശിശ്രൂഷിക്കുകയും ശിശ്രൂഷിക്കപ്പെടുകയും വേണം. തിരുവചനത്തിൽ കാണുന്ന യേശുക്രിസ്തുവിന്‍റെ വെളിപ്പാടിൽക്കൂടെ ഏക പ്രത്യാശയ്ക്കും വിശ്വാസത്തിനുമായി വിളിക്കപ്പെട്ടിക്കുന്ന നാം ഏക സാക്ഷീകരണത്തിനായി നിലകൊള്ളുന്നു. നമ്മെ തന്‍റെ മക്കളാക്കിത്തീർത്തിരിക്കുന്ന ത്രീയേക സത്യദൈവമാണ് ഈ ഐക്യതയുടെ ഉറവിടം. എഫെസ്യർ 4:10-16; 1 കൊരിന്ത്യർ 12: 4 – 6; കൊലൊസ്സ്യർ 3:10 – 16; യോഹന്നാൻ 17: 11, 20 – 23.

14. സ്നാനം.

യേശുക്രിസ്തുവിന്‍റെ മരണം, അടക്കം, ഉയിർപ്പ് ഇവയോട് വിശ്വാസത്തിൽ പങ്കാളികളായിത്തീർന്നുകൊണ്ട് പാപത്തന്മേലുള്ള മരണവും ജീവന്‍റെ പുതുക്കത്തിൽ നടക്കുന്നതിനുള്ള ആവശ്യവും നാം സ്നാനത്തിൽകൂടെ സാക്ഷിക്കുന്നു. പാപത്തെക്കുറിച്ച് അനുതപിച്ച്ചുകൊണ്ട് യേശുക്രിസ്തുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചശേഷമുള്ള നിമജ്ന സ്നാനമാണ് തിരുവച്ചനത്തിലുള്ളത്. മത്തായി 3:13 – 17; റോമർ 6: 4 – 6; അപ്പൊ.പ്രവൃത്തികൾ 8: 35 – 39; 2:38,41,47.

15. തിരുവത്താഴം.

യേശുവിങ്കലുള്ള വിശ്വാസത്തിന്‍റെ പ്രകടനമായി തന്‍റെ ശരീരത്തെയും രക്തത്തെയും സൂചിപ്പിക്കുന്ന അപ്പത്തിലും വീഞ്ഞിലും പങ്കുകൊള്ളുന്നതാണ് തിരുവത്താഴം. സ്വയപരിശോധന, അനുതാപം, ഏറ്റുപറച്ചിൽ, എന്നിവ ഇതിന്‍റെ ഒരുക്കങ്ങലായിരിക്കേണം. പുനർശുദ്ധീകരണം പ്രാപിക്കുന്നതിനും ക്രിസ്തുതുല്ല്യമായ താൽപ്പര്യത്തോടെ പരസ്പരം ശുശ്രൂഷിക്കുന്നതിനും ഹൃദയങ്ങളെ സ്നേഹത്തിൽ യോജിപ്പിക്കുന്നതിനുമായി ഗുരുവും കർത്താവുമായവൻ പാദം കഴുകൽ ശുശ്രൂഷകൂടെ സ്ഥാപിച്ചു. യോഹന്നാൻ 13: 1 – 17; 1 കൊരിന്ത്യർ 11: 23 – 29; ലൂക്കോസ് 22: 14 – 20; യോഹന്നാൻ 6: 52 – 56.

16. ആത്മീക വരങ്ങളും ശുശ്രൂഷകളും.

സഭയുടെ പൊതു നന്മയ്ക്കും ആത്മീക വർദ്ധനയ്ക്കുമായി ആത്മീക വരങ്ങൾ സഭയിലെ അംഗങ്ങൾക്കു വേണ്ടി നൽകിയിരിക്കുന്നു. പരിശുദ്ധാത്മാവ് തന്‍റെ ഹിതംപോലെ ഓരോരുത്തനു വിവിധ വരങ്ങൾ നൽകുന്നു. ഈ ആത്മീക വരങ്ങൾ സഭയുടെ കെട്ടുറപ്പിനുവേണ്ടി ഓരോരുത്തരും ഉപയോഗിക്കേണം. എഫെസ്യർ 4: 7,8; 11 – 13; 1 കൊരിന്ത്യർ 12: 7 – 11; റോമർ 12: 1 – 9; 1 പത്രോസ് 4: 7 – 11.

17. പ്രവചനവരം.

പ്രവചനവരം പരിശുധാത്മാവിന്‍റെ ഒരു ദാനമാണ്. കാലാന്ത്യത്തിൽ ജീവിക്കുന്ന ദൈവജനത്തിനാവശ്യമായ നിർദ്ദേശങ്ങൾ പരിശുധാത്മ നിയോഗത്താൽ സഹോദരി എലൻ ജി വൈറ്റിൽക്കൂടി സഭയ്ക്ക് നൽകിയിട്ടുണ്ട്. ഏതുവിധ ഉപദേശങ്ങളും അനുഭവങ്ങളും പരിശോധിക്കുന്നതിനുള്ള ഏക മാനദണ്ഡം സത്യവേദപുസ്തകം മാത്രമാണെന്നു തന്‍റെ എഴുത്തുകൾ വ്യക്തമാക്കുന്നു. അപ്പൊ.പ്രവൃത്തികൾ 2:14 – 21; ആമോസ് 3:7; 1തെസ്സലൊനീക്യർ 5:19,20; 1 കൊരിന്ത്യർ 14:3; വെളിപ്പാട് 12:17; വെളിപ്പാട് 19:10.

18. ദൈവ കൽപ്പന.

ദൈവീക നിയമങ്ങളുടെയെല്ലാം രത്നച്ചുരുക്കം 10 കൽപ്പനകളിൽ കാണപ്പെട്ടും ക്രിസ്തുവിന്‍റെ ജീവിതത്തിൽ വെളിപ്പെട്ടുമിരിക്കുന്നു. മനുഷ്യർ എല്ലാകാലങ്ങളിലും അനുസരിക്കേണ്ടതായ ദൈവത്താൽ എഴുതപ്പെട്ട സാന്മർഗ്ഗീക ന്യായപ്രമാണമായ ഈ പത്തുകൽപ്പനകൾ ദൈവ സ്നേഹത്തെ പ്രകടമാക്കുന്നു. തന്‍റെ ജനത്തോടുള്ള ദൈവ നിയമത്തിന്‍റെ അടിസ്ഥാനവും ന്യായവിധിയിൽ ദൈവത്തിന്‍റെ അളവുകോലുമാണ് ഈ നിയമങ്ങൾ. പരിശുദ്ധാത്മാവിൽക്കൂടെ ഈ കൽപ്പനകൾ പാപത്തെ ചൂണ്ടിക്കാണിക്കുകയും രക്ഷകനെ കൊണ്ടുള്ള ആവശ്യം ഉണർത്തിക്കുകയും ചെയ്യുന്നു. രക്ഷ എന്നത് പ്രവൃത്തികൊണ്ട്‌ ലഭ്യമാകുന്നതല്ല. ദൈവത്തിന്‍റെ ദാനമാണ്. എന്നാൽ രക്ഷയുടെ ഫലം കൽപ്പനകൾ പ്രമാണിക്കുന്ന ജീവിതമാണ്. അനുസരണം കൊണ്ടു ക്രിസ്തീയ സ്വഭാവ രൂപീകരണം നടക്കുന്നു. കർത്താവിനോടുള്ള സ്നേഹത്തെന്‍റെയും സമ സൃഷ്ടങ്ങലോടുള്ള താൽപര്യത്തിന്‍റെയും തെളിവാണ് കൽപനാനുസരണം. യോഹന്നാൻ 15:10; മത്തായി 22:30 – 40; റോമർ 3: 20,31; എബ്രായർ 8:10.

19. ശബ്ബത്ത്.

ദൈവം ആറു ദിനംകൊണ്ട് ഈ ലോകവും അതിലെ സർവ്വവും സൃഷ്ടിച്ചതിനു ശേഷം ഏഴാം ദിവസമായ ശബ്ബത്തിനെ സൃഷ്ടിയുടെ സ്മാരകമായി സ്ഥാപിച്ചുകൊണ്ട് അതിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. ദൈവത്തിന്‍റെ മാറ്റമില്ലാത്ത നിയമങ്ങളായ പത്തുകൽപ്പനകളിൽ നാലാം കല്പ്പനയായ ഇത് സ്വസ്ഥദിനമായും, ആരാധനയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നു. യേശുവും അപ്പോസ്തലന്മാരും ഏഴാം ദിന ശബ്ബത്ത് ആചരിച്ച് നമുക്കൊരു മാതൃക കാട്ടിത്തന്നിരിക്കുന്നു. ലൂക്കോസ് 4:15,16; പുറപ്പാട് 31:13,17; യെശയ്യാവു 66:23; മർക്കൊസ് 2:27,28. അപ്പൊ.പ്രവൃത്തികൾ 13:14, 42,43; 16:13; 17:2; 18:4; ലൂക്കൊസ് 23:54 – 24:1.

20. കാര്യവിചാരകത്വം.

ദൈവം സകലത്തിന്‍റെയും ഉടമസ്ഥനും നാം അവന്‍റെ ഗൃഹവിചാരകന്മാരുമാണ്. സുവിശേഷ ഘോഷണത്തിനും സഭയുടെ വളർച്ചയ്ക്കും നിലനിൽപ്പിനുമായി ദശാംശങ്ങളും കാണിക്കകളും വിശ്വസ്ഥതയോടെ നൽകിക്കൊണ്ട് നാം ദൈവത്തിന്‍റെ ഉടമസ്ഥാവകാശം അംഗീകരിക്കുന്നു. ദശാംശങ്ങളും കാണിക്കകളും വിശ്വസ്ഥതയോടെ നൽകുന്നവരെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കുന്നു. 2 കൊരിന്ത്യർ 9:6 – 8; മലാഖി 3: 8 -12; 1 കൊരിന്ത്യർ 9: 11 – 14; കൊലോസ്യർ 3:23,24.

21. ക്രിസ്തീയ പെരുമാറ്റം.

സ്വർഗ്ഗീയ തത്ത്വങ്ങൾക്കനുസൃതമായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിളിക്കപ്പെട്ടവരാണ് നാം. ക്രിസ്തു തുല്യമായ വിശുദ്ധി, ആരോഗ്യം, സന്തോഷം എന്നിവ ജീവിതത്തിൽ കാണപ്പെടുംവിധം നമ്മുടെ കര്ത്താവിന്‍റെ സ്വഭാവം പരിശുദ്ധാൽമാവ് നമ്മിൽ പുനർജനിപ്പിക്കുന്നു. ക്രിസ്തീയസൌന്ദര്യത്തിനനുയോജ്യമായ വിനോദങ്ങളിലും ഉല്ലാസങ്ങലിലും മാത്രമെ നമ്മൾ പങ്കെടുക്കാവൂ. അയോഗ്യമായ വസ്ത്രധാരണവും, ആഡംബരവും ഒഴിവാക്കി , വൃത്തിയുള്ളതും സാധാരണവുമായ വസ്ത്രധാരണവും ആഭരണങ്ങൾ വെടിഞ്ഞു കൊണ്ടുള്ള യോഗ്യമായ അലങ്കാരവും മാത്രമേ ദൈവമക്കൾക്കു പാടുള്ളൂ. നമ്മുടെ ശരീരം ദൈവത്തിന്‍റെ മന്ദിരമാകയാൽ എല്ലാ വിധ ലഹരി വസ്തുക്കളിൽനിന്നും ഒഴിഞ്ഞിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും വേണം. 1 കൊരിന്ത്യർ 3: 16,17; 10:31; 6: 19,20; എഫെസ്യർ 5: 1- 4; 8 -11, 19; ഫിലിപ്പ്യർ 4:8, 1 തെസ്സലൊനീക്യർ 5:23. ലേവ്യർ 11; 1 തിമൊഥെയൊസ് 2:9 – 11; ആവർത്തനം 22:5.

22. വിവാഹവും കുടുംബവും.

വിവാഹം ഏദെനിൽ ആരംഭിച്ചു. അത് വിശുദ്ധവും, അത് മരണം വരെ നിലനിൽക്കുന്നതുമായ ഒരു നിത്യ ബന്ധമാണ്. ഒരേ വിശ്വാസത്തലുള്ളവർ തമ്മിൽ മാത്രമേ വിവാഹ ബന്ധത്തിൽ ഏർപ്പെടാവൂ. മാതാപിതാക്കൾ കുഞ്ഞുങ്ങളെ പത്ത്യോപദേശത്തിലും വളർത്തേണം. മത്തായി 19:4-6; എഫെസ്യർ 5:21 – 24,33, കൊലോസ്യർ 3:18 – 21, 1 കൊരിന്ത്യർ 13: 4 – 8, സദൃശ്യവാക്യങ്ങൾ 22:6.

23. ക്രിസ്തുവിന്‍റെ സ്വർഗ്ഗീയ മന്ദിരത്തിലെ ശുശ്രൂഷ.

സമാഗമനകൂടാരം സ്വർഗ്ഗത്തിലെ ദൈവാലയത്തിന്‍റെ മാതൃക ആയിരുന്നു. ഈ കൂടാരത്തിലെ ഓരോ ഉപകരണവും അതിലെ ശ്രുശൂഷകളും യേശുവിലൂടെയുള്ള രക്ഷയുടെ പ്രതീകങ്ങളായിരുന്നു. യേശു ഇന്ന് നമ്മുടെ ശ്രേഷ്ഠമഹാപുരോഹിതനായി സ്വർഗ്ഗീയ കൂടാരത്തിൽ മദ്ധ്യസ്ഥവേല ചെയ്യുന്നു. 2300 വർഷ പ്രവചനം അവസാനിച്ച 1844 മുതൽ വിശുദ്ധ മന്ദിരത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ ശ്രുശ്രൂഷയുടെ ഭാഗത്തേക്കവൻ കടന്നിരിക്കുന്നു. ഇത് അസാനിക്കുമ്പോൾ മാനവകുലത്തിന്‍റെ കൃപാകാലം അവസാനിച്ചിരിക്കും. വെളിപ്പാട് 3:5; എബ്രായർ 7;25; 4:14 – 16; 8:1.2.

24. ക്രിസ്തുവിന്‍റെ രണ്ടാം വരവ്.

യേശുവിന്‍റെ രണ്ടാം വരവ് സഭയുടെ ഭാഗ്യകരമായ പ്രത്യാശയാണ്. യേശുവിന്‍റെ വരവ് അക്ഷരീകവും ദൃശ്യവും മഹാ ശബ്ദത്തോടുകൂടിയതുമാണ്. അപ്പോൾ മരിച്ച വിശുദ്ധന്മാർ ഉയിർത്തെഴുന്നേൽക്കുകയും ജീവനോടിരക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെടുകയും ക്രിസ്തുവിനെ എതിരേൽക്കുന്നതിനവർ മേഘങ്ങളിൽ എടുക്കപ്പെടുകയും ചെയ്യും. തീത്തൊസ് 2: 11 – 14; 1 തെസ്സലൊനീക്യർ 4:16,17; 1 കൊരിന്ത്യർ 15: 51 – 54; മത്തായി 24:14, 36 – 39. വെളിപ്പാട് 1:7; അപ്പൊ.പ്രവൃത്തികൾ 1:9 – 11.

25. മരണവും ഉയിർപ്പും.

പാപത്തിന്‍റെ ശമ്പളം മരണമത്രേ. മരിച്ചവർ ഒന്നും അറിയുന്നില്ല. അവർ ആ മരണാവസ്ഥയിൽ സ്വർഗ്ഗത്തിലും, നരകത്തിലും, ശുദ്ധീകരണ സ്ഥലത്തും പോകുന്നില്ല. അവർ കല്ലറകളിൽ ഉറങ്ങുന്നു. ദൈവം മാത്രം അമർത്യൻ. മനുഷ്യനിൽ അമർത്യമായ ആത്മാവില്ല. ജീവന്‍റെ ഉറവിടമായ ക്രിസ്തു വരുമ്പോൾ ഉയിർത്തെഴുന്നേറ്റ വിശുദ്ധന്മാരും രൂപാന്തരം പ്രാപിച്ച വിശുദ്ധന്മാരുമൊരുമിച്ച് മഹത്വീകരണം പ്രാപിച്ചവരായി ക്രിസ്തുവിനോടോത്ത് എടുക്കപ്പെടും. ദുഷ്ടന്മാരുടെ പുനരുദ്ധാനം ആയിരമാണ്ടിനു ശേഷമായിരിക്കും. 1തെസ്സലൊനീക്യർ 4:3,16; ഇയ്യോബ് 14: 10 – 15,21; 27:3; യോഹന്നാൻ 5:28,29; 5;24; ഉൽപ്പത്തി 2;7; സങ്കീർത്തനങ്ങൾ 104:29,30; റോമർ 6:23; 5:12; സഭാപ്രസംഗി 9:5,6; 1 തിമൊഥെയൊസ് 6:16; യോഹന്നാൻ 5:28,29;11:25.

26. സഹസ്രാബ്ദ വാഴ്ചയും പാപത്തിന്‍റെ അന്ത്യവും.

ഒന്നാമത്തെ പുനരുദ്ധാനത്തിനുശേഷം വിശുദ്ധന്മാർ ക്രിസ്തുവിനോടോത്ത് സ്വർഗ്ഗത്തിൽ വർഷം ആയിരം വാഴും. അപ്പോൾ ഈ ഭൂമി പാഴും ശൂന്യവുമായി കിടക്കും. സാത്താനും അവന്‍റെ ദൂതന്മാരും മാത്രം ഈ ഭൂമിയിലുണ്ടായിരിക്കും. ആയിരമാണ്ടു കഴിയുമ്പോൾ യേശുവും വിശുദ്ധന്മാരും പുതിയ യെരുശലേമുമായി ഭൂമിയിലേക്കിറങ്ങിവരും. അപ്പോൾ സാത്താനും ഉയിർത്തെഴുന്നേൽക്കുന്ന ദുഷ്ടന്മാരും ചർന്ന് ഈ പ്രപഞ്ചത്തിലെ അവസാന യുദ്ധത്തിനായി വിശുദ്ധ നഗരത്തെ വളയും. അപ്പോൾ ദൈവം ആകാശത്തുനിന്നും തീ ഇറക്കി അവരെ നശിപ്പിച്ചു കളയും. ഇപ്രകാരം പാപവും പാപികളും ഉന്മൂല നാശത്തിനിരയാകും. വെളിപ്പാട് 20:5-8, സെഖർയ്യാവു 14:4,9. ഫിലിപ്പിയർ 2:5-11; 2 പത്രോസ് 3:9; മലാഖി 4:1-3. യെശയ്യാവു 1:28; സങ്കീർത്തനങ്ങൾ 37;9,10,20,28.

27. പുതിയ ഭൂമി.

നീതി വസിക്കുന്ന പുതിയ ഭൂമിയിൽ വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാർ നിത്യ നിത്യ യുഗങ്ങൾ ദൈവ മുമ്പാകെ വസിക്കും. ദൈവം തന്‍റെ ജനത്തോടുകൂടെ ഉണ്ടായിരിക്കും. കഷ്ട്ടപ്പാടും മരണവും ഇനി ഉണ്ടാകയില്ല. ജീവനുള്ളതും ഇല്ലാത്തതുമായ സർവ്വവും ദൈവം സ്നേഹംതന്നെയെന്നു പ്രഖ്യാപിച്ചുകൊണ്ടിരിക്കും. ദൈവം എന്നെമെന്നും രാജാവായിരിക്കും. വെളിപ്പാട് 21:1-5; 2 പത്രോസ് 3:10-13; വെളിപ്പാട്22:1-5; എഫെസ്യർ 1:13,14.